Posts

ഹാലിം✨

Image
ഹാറൂൺ.. നിനക്കീ പക്ഷികളുടെ ഭാഷ തിരിച്ചറിയാൻ കഴിയുന്നുണ്ടോ? ഇല്ലെങ്കിൽ എന്തിനാണവയെ ഇങ്ങനെ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്? ചെറുപുഞ്ചിരിയോടെ ഹാലിമിന്റെ മുഖത്തേക്ക് നോക്കി ഹാറൂൺ മറുപടി പറഞ്ഞു. പ്രിയതമേ, നീ ആ കടലിലേക്ക് നോക്കൂ.. നാളെ പുലർച്ചെ തന്റെ പ്രിയതമയായ ഭൂമിയുടെ അരികിലേക്ക് മടങ്ങിയെത്താൻ കഴിയുന്ന ഈ സൂര്യൻ എത്ര വിമുഖമായിട്ടാണ് തന്റെ അസ്തമയം ഉൾക്കൊള്ളുന്നത്. അപ്പോൾ, നിന്നിലേക്ക് അടുക്കുന്ന നാൾ ഇനി എന്നെന്നറിയാതെ ഈ കച്ചവട കപ്പലിൽ കയറാൻ വിധിക്കപ്പെട്ട ഈ ഉള്ളവൻ നിന്നെ എന്നും കാണാൻ കഴിയുന്ന ഈ പക്ഷികളെ നോക്കി അല്പം അസൂയാലുവായി ഇരുന്നു പോയത് അത്രമേൽ തെറ്റായിരിക്കുന്നുവോ? താൻ അത്രയും നേരം സംഭരിച്ചുവെച്ച മനശക്തിയെ ഇല്ലാതാക്കുന്നതായിരുന്നു ഹാറൂണിന്റെ സ്നേഹവാക്കുകൾ. എന്നിരുന്നാൽ പോലും തന്റെ കണ്ണിൽനിന്ന് ഒരു തുള്ളി കണ്ണുന്നീരുപോലും പുറപ്പെടുവിക്കാൻ അവൾ അനുവദിച്ചില്ല. ദിവസങ്ങൾ കടന്നുപോയി ഹാറൂണിന്റെ അറിവുകൾ ഒന്നും തന്നെയില്ല. തങ്ങൾ കണ്ടുപിരിഞ്ഞ മണൽ തരികളിൽ അവൾ ഇന്നും അവനെ പ്രതീക്ഷിച്ചിരിക്കുന്നു. ഉടനെയൊന്നും വരില്ലെന്നറിഞ്ഞിട്ടും വന്നിറങ്ങുന്ന വ്യാപാരികളിൽ തന്റെ സ്നേഹശ്രോതസ്സായ ഹാറൂൺ ഉണ്ടാക...

എന്റെ മരണശേഷം!

എന്റെ മരണശേഷം എന്നോടൊപ്പം എന്റെ വീട്ടിൽനിന്നും പടിയിറങ്ങിയത്, എന്റെ ഭാര്യയുടെ നിറമുള്ള വസ്ത്രങ്ങളുമായിരിന്നു. ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞു അവയെ ഉപേക്ഷിക്കരുതേ നിനക്കേറെ പ്രീയപ്പെട്ട നീലനിറമെങ്കിലും! എന്നാൽ, ഏത് നിറത്തോടും ചേരുന്ന വെള്ളനിറമായി അവളുടെ  ജീവിതം മാറിയിരുന്നു. കുട്ടികളുടെ നിറമുള്ള ജീവിതത്തിനായി അവൾ ഏതിരുളിലും പ്രകാശിക്കുന്ന നിറമായിമാറി. ആ കാഴ്ച്ചയിൽ ഈ ലോകത്തുള്ള എല്ലാ സന്തോഷവും എനിക്കാ നിറത്തിൽ കാണാൻ കഴിഞ്ഞു. എന്താണീ നിറത്തിനിത്ര ഭംഗി? ഉള്ളിൽ മെഴുകുതിരിനാളം കത്തി ഉരുകുമ്പോഴും, പുറമെ അവൾ ഏറെ പ്രകാശം വഹിച്ചിരുന്നു, അതിനാലാവും!

നിശബ്ദത!

നിശബ്ദതയിൽ ഞാൻ ചിന്തയിൽ മുഴുകുന്നു. എന്നിലേക്ക് ഒരുപാട് അടുക്കുന്നു. തളർന്നുറങ്ങിയ എന്നിലേക്കടുത്ത മഴവിൽ ചിറകുകളുള്ള ചൈതന്യ തലോടലുകൾ. ഒരു മേഘം പോലെ എന്നെ നൈർമല്യമുള്ളതാക്കി. അപ്പൂപ്പൻ താടിയായി ഭാരം കുറഞ്ഞ ഞാൻ വായുവിന്റെ താളത്തിൽ നൃത്തം ചെയ്തു താഴെയെത്തി. നിറഞ്ഞ തടാകത്തിന്മേൽ പതിക്കാനൊരുങ്ങിയയെന്നെ കാറ്റ് മറ്റെങ്ങോട്ടോ കൊണ്ടുപോയി. ഭാരമില്ലാതെ ഈ സഞ്ചാരം എന്നിൽ ഒരുപാട് സന്തോഷമുളവാക്കി. കാറ്റിന്റെ പാതയല്ലാതെ മറ്റെന്തും ഞാൻ ഭയന്നിരുന്നു. പോകുംവഴിയിൽ കുട്ടികൾ അപ്പൂപ്പൻ താടിയെ തലോടി പറത്തി കളിക്കുന്നത് കണ്ടപ്പോൾ എനിക്കും അവയിലൊന്നാകാൻ മോഹം തോന്നി. എന്നിരുന്നാലും ഞാൻ പരിഭവം പറഞ്ഞില്ല. കാറ്റിന്റെ തേരിൽ ഞാൻ വിശ്വസിച്ചിരുന്നു. അവൻ എന്നെ ദൂരെ ഒരു മലയുടെ മുകളിൽ എത്തിച്ചു. അവിടെ ഒരു ചെറിയ പെൺകുട്ടി മുട്ടിപ്പായി പ്രാർത്ഥിക്കുന്നു. ദൈവമേ ഇന്നെങ്കിലും എനിക്ക് മേഘത്തെ സ്പർശിക്കാൻ കഴിയേണമേ. മാലാഖമാർ വിശ്രമിക്കുന്ന മേഘ തണലേ, അല്പം എന്നിലേക്ക് അടർന്നു വീണാലും, ഒരു നുള്ളെങ്കിലും. പ്രാർത്ഥിച്ച് കൈകൾ ഉയർത്തിയ അവളിലേക്ക് മന്ദമാരുതൻ എന്നെ തഴുകിയെത്തിച്ചു. അവൾ കണ്ണുകൾ തുറന്ന് പുഞ്ചിരിച്ച് ദൈവത്തെ സ്തുതിച്ചു. അറി...

ഇനി ഞാൻ ഉറങ്ങട്ടെ!!!

Image
യഥാർത്ഥത്തിൽ ധർമ്മത്തിന്റെ പാതയിലൂടെയാണോ പാണ്ഡവർ സഞ്ചരിച്ചത് എന്ന ചോദ്യം വായനക്കാരന്റെ ഹൃദയത്തിൽ ഉടനീളം നിലനിർത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന നോവലാണ് പി.കെ.ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ. ദ്രൗപതി എന്ന കഥാപാത്രത്തിന്റെ മനസ്സിലൂടെയും ചിന്തയിലൂടെയും കടന്നുപോകുകയാണ് ഈ നോവൽ. പാഞ്ചാല രാജാവിന്റെ മകളായ, ലോക സൗന്ദര്യത്തിന്റെ ഉത്തരമായ, പഞ്ചപാണ്ഡവ പത്നിയായ, അഞ്ചു പതിമാർ തങ്ങളെ പൂർണ്ണമായും അർപ്പിച്ച, അവരുടെ സ്നേഹ പരിചരണത്തിന് ഉടമയായ പാഞ്ചാലി. അവളെ ചൂത് സഭയിൽ വസ്ത്രാക്ഷേപം ചെയ്തതിനെതിരായി ലോകം കണ്ട ഏറ്റവും വലിയ യുദ്ധം അരങ്ങേറി പഞ്ചപാണ്ഡവന്മാർ വിജയം കൈവരിച്ചു. ഇതിന്റെ മറുപുറത്തെ ചിന്തിക്കുമ്പോൾ ചൂത് സഭയിൽ ചൂതു ധർമ്മം മാത്രം ഓർത്തു പത്നിയോടുള്ള ധർമ്മം മറന്ന പതിമാർ. സ്വയം പണയപ്പെട്ട ധർമ്മജന് എങ്ങനെ പത്നിയെ പണയം വയ്ക്കാൻ കഴിഞ്ഞു? സുഭദ്രയോടാണ് ഇങ്ങനെ ചെയ്തിരുന്നതെങ്കിൽ അർജ്ജുനൻ തലതാഴ്ത്തി ഇരുന്നിരിക്കുമോ? എന്ന ചോദ്യങ്ങൾ പാഞ്ചാലിയെ അലട്ടുന്നു. യാഥാർത്ഥ്യത്തിൽ താൻ സ്നേഹിക്കപ്പെട്ടിട്ടുണ്ടോ എന്ന ചിന്ത അവളിൽ അവളോട് തന്നെ അനുകമ്പയുണ്ടാക്കുന്നു. ഭീഷ്മർ, ദ്രോണർ, അഭിമന്യു എന്നിവരുടെ മരണത്തിൽ മനം മറ...

എന്റെ വിഷാദ മധുര കാവ്യം 🍂

എന്റെ വിഷാദമാം മധുര കാവ്യമേ ഏറെ ദൂരം കാവലാകില്ലയോ ഈ അക്ഷരങ്ങളിലെങ്കിലും. നമുക്കായി ആരോതീർത്തയീ വ്യോമമേൾക്കൂര പറയുന്നെൻ നിഴൽ കൂട്ടിനോടും. പരസ്പരകാഴ്ച്ചയിൽ നാം തൻ നയനങ്ങൾ എത്ര സുന്ദരമവ അജ്ഞാതാശ്രുവാൽ സ്വരസജ്ജമായപോൽ. അലിയും തവിട്ടുനിറമാർന്ന നിൻ ലോചനം തന്നെയാണെൻ പ്രണയാരംഭ പതയം പോലും. കൃഷ്ണ വക്ത്രത്തിൽ ഭൂലോകമെന്നപോൽ കണ്ടുഞാനെൻ ഹർഷദുഃഖം. കൃതാർഥമീ ജീവിതം വ്യഥപോലും പുഞ്ചിരിച്ചു മൊഴിയുന്നിതാ തഥാകൃതം ചിത്തം പറയുന്നപോൽ.

എന്റെ സ്വപ്നശലഭം!!!

ക്ഷമാപണമല്ല ഒരുതരം മരവിപ്പാണ്. കാറ്റിനോടും കടലിനോടും, ചിന്തയോടും പുഞ്ചിരിയോടും, നോവിനോടും കണ്ണീരിനോടും, എന്നോ ഞാൻ പടിയിറങ്ങിയ ഈ പകലിനോടും. രാത്രിയിൽ നാം ഒന്നാണ് ചിന്തകളും ആശകളും! ഇവിടം രാത്രി മാത്രമായിരുന്നു എങ്കിൽ വേർതിരിവിന്റെ തോത് അല്പം കുറഞ്ഞേനെ! എന്റെ സ്വപ്നശലഭത്തിനു ചിറകുകൾ ലഭിക്കുന്നതസാധ്യമെന്ന് എനിക്ക് ചുറ്റും സർവ്വം സദാ മുഴങ്ങുന്നു. ഓരോ ദിനവും, ഓരോ മാത്രയും ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ പൂക്കളുടെ സൗന്ദര്യത്തെകാൾ മനോഹാര്യതയിൽ ഞാൻ അതിനായി ചിറകുകൾ നെയ്യുന്നു! ഇന്നു ഞാൻ കണ്ട മനോഹര സ്വപ്നം. കടൽതീരത്ത് വിശ്രമിച്ചിരുന്ന ഞങ്ങളുടെ മേൽ മേഘങ്ങൾ വന്നുമൂടി. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം നിദ്രയെ പുൽകിയ എന്റെ മേൽ മേഘങ്ങൾ വർഷിക്കുമോ എന്ന് ഭയന്നാണോ നീ കൈകൾകൊണ്ട് എന്റെ മുഖത്തെ അവയിൽ നിന്നു മറച്ചത്. ശ്വാസം അടക്കി സ്നേഹത്തിനുനേർ കണ്ണുകളടച്ചിരുന്ന ദിനങ്ങളല്ലിന്നു എല്ലാ മുറിവുകളും തുന്നപ്പെട്ടിരിക്കുന്നു. വ്യഥയോ കനിവോ എന്തിൻ ഫലമിതെന്നാർക്കറിയാം!

നിശ്ചലം!!!

മനസ്സിന്റെ കടിഞ്ഞാൺ എന്നോ നഷ്ടപ്പെട്ട ജീവിതം. എങ്ങനെ ജീവിച്ചുതീർക്കും എന്ന ഭീതി അലട്ടാൻ തുടങ്ങിയിട്ടേറേ നാളുകളായിരിക്കുന്നു. മാനസിക സംഘർഷങ്ങൾ അധികരിച്ചപ്പോൾ യാഥാർഥ്യവും സ്വപ്നവും തമ്മിലുള്ള സങ്കിർണതകളെ മറികടക്കാനാവാതെ തലച്ചോർ പൊട്ടിത്തെറിക്കുന്നതുപോലെ അനുഭവപ്പെടുകയും, ചിന്താശേഷി മരവിക്കുകയും മരവിച്ച മനസ്സിലെ കണ്ണുനീർ തുള്ളികൾ വൈകാരികഭാവം ഇല്ലാതെ കവിൾത്തടങ്ങൾ പതിഞ്ഞൊഴുകുന്നതും നിരന്തരമായി തുടർന്നപ്പോൾ, എന്തുകൊണ്ട് സന്തോഷത്തോടെ അന്ത്യത്തെ വരവേറ്റുകൂട എന്നുചിന്തിക്കാൻ ഇടയായി. സന്തുഷ്ടമായ ഒരന്ത്യം. ആശകൾ നിറവേറാതെ, നിരാശകളുടെമേൽ കണ്ണടച്ച്, ചിന്തകളുടെ കടുപ്പത്തെ വെടിഞ്ഞ്. സ്വർഗസുന്ദരമായ മേഘങ്ങളുടെ ഇടയിലേക്കൊരു യാത്ര. ചുറ്റുമുള്ള ശബ്ദങ്ങൾ ഒന്നും ശ്രവിക്കാതെ, മഴയുടെ ആർത്തിരമ്പലിന്റെ നിലവിളിയിൽ മനസ്സിനെ പാകപ്പെടുത്തി. മുന്നിലെ മെഴുകുതിരി വെട്ടത്തിലേക്ക് ഞാൻ ഉറ്റുനോക്കി. സ്വയം ഉരുകി പ്രകാശം നൽകുന്ന മെഴുക്. പലരുടെയും ജീവിതം പോലെ. കണ്ണിമചിമ്മാതെ ഏറെ നേരം ഞാൻ അതിനെ നോക്കിയിരുന്നു. നനവുപടർന്നാൽ ഈ മെഴുകിന് വെളിച്ചം നൽകാൻ കഴിയുമോ? ദുഃഖപൂർണമായ ജീവിതം! കണ്ണീരിൽ കുതിർന്നാൽ സ്വയം ഉരുകി പ്രകാശം പകരാൻ ...