ഹാലിം✨
ഹാറൂൺ.. നിനക്കീ പക്ഷികളുടെ ഭാഷ തിരിച്ചറിയാൻ കഴിയുന്നുണ്ടോ? ഇല്ലെങ്കിൽ എന്തിനാണവയെ ഇങ്ങനെ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്?
ചെറുപുഞ്ചിരിയോടെ ഹാലിമിന്റെ മുഖത്തേക്ക് നോക്കി ഹാറൂൺ മറുപടി പറഞ്ഞു.
പ്രിയതമേ, നീ ആ കടലിലേക്ക് നോക്കൂ.. നാളെ പുലർച്ചെ തന്റെ പ്രിയതമയായ ഭൂമിയുടെ അരികിലേക്ക് മടങ്ങിയെത്താൻ കഴിയുന്ന ഈ സൂര്യൻ എത്ര വിമുഖമായിട്ടാണ് തന്റെ അസ്തമയം ഉൾക്കൊള്ളുന്നത്. അപ്പോൾ, നിന്നിലേക്ക് അടുക്കുന്ന നാൾ ഇനി എന്നെന്നറിയാതെ ഈ കച്ചവട കപ്പലിൽ കയറാൻ വിധിക്കപ്പെട്ട ഈ ഉള്ളവൻ നിന്നെ എന്നും കാണാൻ കഴിയുന്ന ഈ പക്ഷികളെ നോക്കി അല്പം അസൂയാലുവായി ഇരുന്നു പോയത് അത്രമേൽ തെറ്റായിരിക്കുന്നുവോ?
താൻ അത്രയും നേരം സംഭരിച്ചുവെച്ച മനശക്തിയെ ഇല്ലാതാക്കുന്നതായിരുന്നു ഹാറൂണിന്റെ സ്നേഹവാക്കുകൾ. എന്നിരുന്നാൽ പോലും തന്റെ കണ്ണിൽനിന്ന് ഒരു തുള്ളി കണ്ണുന്നീരുപോലും പുറപ്പെടുവിക്കാൻ അവൾ അനുവദിച്ചില്ല.
ദിവസങ്ങൾ കടന്നുപോയി ഹാറൂണിന്റെ അറിവുകൾ ഒന്നും തന്നെയില്ല. തങ്ങൾ കണ്ടുപിരിഞ്ഞ മണൽ തരികളിൽ അവൾ ഇന്നും അവനെ പ്രതീക്ഷിച്ചിരിക്കുന്നു. ഉടനെയൊന്നും വരില്ലെന്നറിഞ്ഞിട്ടും വന്നിറങ്ങുന്ന വ്യാപാരികളിൽ തന്റെ സ്നേഹശ്രോതസ്സായ ഹാറൂൺ ഉണ്ടാകുമോ എന്നവൾ ഉറ്റു നോക്കിയിരുന്നു.
വീട്ടിൽ മടങ്ങിയെത്തിയ ഹാലിം തന്റെ പരാതികളുടെ ഭാരം ദൈവത്തിനു മുന്നിൽ ഓരോന്നായി ഇറക്കിവെയ്ക്കാൻ തുടങ്ങി.
നാഥാ, അങ്ങയുടെ ഏറെ മനോഹര സൃഷ്ടിയായ ഈ പ്രകൃതി ഇന്നെനിക്ക് അപ്രിയമാകുന്നു. എനിക്ക് അവയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്നില്ല. ഞങ്ങൾ ഇരുവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ഈ ആകാശം പോലും എനിക്ക് അഭംഗിയായി തോന്നുകയാണ്.
നിറം തികയാതെ വന്നപ്പോൾ ചിത്രകാരൻ അപൂർണ്ണമാക്കി വരച്ചു നിർത്തിയതുപോലെ എനിക്ക് അനുഭവപ്പെടുന്ന ഈ ആകാശം ഇന്നെന്റെ കണ്ണുകൾക്ക് കണ്ണീരിന്റെ ഭാരമാണ് അണിയിക്കുന്നത്.
ഞാനെന്ന വ്യക്തിയുടെ മനസ്സു മാത്രമാണ് എനിക്ക് അനുഭവപ്പെടുന്നത്, അതിനെ അലങ്കരിച്ചിരിക്കുന്ന ശരീരം ഇന്നെനിക്ക് നിർവികാരമായി ഒഴുകുന്ന നദി പോലെയാണ് തോന്നുന്നത്.
എന്റെ പ്രിയതമൻ തഴുകാത്ത ഈ മുടിയിഴകൾ തയ്യൽക്കാരനാൽ ഉപേക്ഷിക്കപ്പെട്ട നൂല് പോൽ ദ്രവിച്ചു പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു.
ഇവിടെ ഈ നിമിഷം ജീവനുള്ളത് എന്റെ കണ്ണുകൾക്ക് മാത്രമാണ്. പേമാരി പോലെ വർഷിക്കുന്ന ഈ അശ്രുക്കൾ നിന്റെ സാന്നിധ്യം ഭൂമിയിൽ സ്വർഗ്ഗം ഒരുക്കിയിരുന്നതായി എന്നെ ഓർമ്മിപ്പിക്കുന്നു.
ഹാലിമിന്റെ ഒരു പുലർക്കാലം.
ഇപ്പോൾ എന്റെ പുലർക്കാലം അനുഗ്രഹീതമല്ലാതായിരിക്കുന്നുവോ? അതോ എനിക്ക് ചുറ്റുമുള്ള പ്രകൃതി അവയുടെ ഭംഗി എന്നിൽ നിന്നും മറയ്ക്കുന്നുവോ? അതോ കാഴ്ചകൾക്ക് അവയുടെ ഭംഗി ആസ്വദിക്കാനുള്ള കഴിവ് ഇല്ലാതായിരിക്കുന്നുവോ? ഒരുപാട് ചോദ്യങ്ങൾ മാത്രം മനസ്സിൽ തങ്ങി നിൽക്കുന്നു. നീ അരികിൽ ഉണ്ടായിരുന്നപ്പോൾ എന്നെ ഒരു ചോദ്യവും അലട്ടിയിരുന്നില്ല. കാരണം എല്ലാ ചോദ്യങ്ങളെയും മറികടക്കുന്ന ഉത്തരമായിരുന്നു നീ!.
എന്റെ ജീവശ്വാസം പോലും സുന്ദരമാക്കിയിരുന്നത് നിന്റെ പുഞ്ചിരിയായിരുന്നു. ഇന്നീ വിരഹം എന്റെ ഹൃദയത്തെ നോവിക്കുന്നു.
ഇങ്ങനെ ഹാലിം അവളുടെ പരിഭവങ്ങൾ ഹാറൂണിനോട് പറഞ്ഞുകൊണ്ടേയിരുന്നു. ഹാറൂൺ തനിക്ക് ചുറ്റും ഉണ്ടെന്ന് അവൾ എപ്പോഴും വിശ്വസിച്ചിരുന്നു.
ഹാറൂണിന്റെ കത്തുകൾ ഒന്നും അവളെ തേടി വന്നിരുന്നില്ല. മേൽവിലാസം എന്തെന്നറിയാതെ യാത്രാമധ്യേ തടഞ്ഞുനിൽക്കുന്ന അവളുടെ അക്ഷരങ്ങൾ പൊടിപിടിച്ചു. അക്ഷരങ്ങളുടെ നിറം മങ്ങി അതോടപ്പം അവളുടെ ബാഹ്യരൂപത്തിലും, ചുറ്റുമുള്ള പ്രകൃതിയിലും എല്ലാം മാറ്റങ്ങൾ സംഭവിച്ചു. എന്നാൽ ഇവക്കൊന്നും അവളിലെ പ്രണയത്തെ വ്യതിചലിപ്പിക്കാൻ കഴിഞ്ഞില്ല. അവൾ തന്റെ എഴുത്ത് തുടർന്നു...
പതിവുപോലെ നികുഞ്ചങ്ങളുടെ മധുരമാർന്ന ഗാനങ്ങൾ കേട്ട് അവൾ തന്റെ പ്രിയതമനെ സ്വപ്നം കണ്ട് ശാന്തമായ കടലിനെ നോക്കി ഇരിക്കുമ്പോൾ, ഒരു വ്യാപാര കപ്പൽ വന്നിറങ്ങിയതായി അവൾ അറിഞ്ഞു.
തല്‍ക്ഷണം അവൾക്ക് ചുറ്റുമുള്ള പ്രകൃതിയുടെ വർണ്ണ കാഴ്ചകൾ അവൾക്ക് ദർശിക്കാൻ കഴിഞ്ഞു.
പ്രകൃതി അവയുടെ സൗന്ദര്യം പതിന്മടങ്ങായ് വീണ്ടെടുത്തത് പോലെ അവൾക്ക് തോന്നി.
ഹാറൂൺ വന്നിരിക്കുമോ?
തന്റെ ജീവിതം മനോഹരമായതും സ്നേഹസുരഭിലമായതുമാക്കാൻ തന്റെ പ്രിയതമൻ വന്നിരിക്കുമോ എന്നെല്ലാമവൾ അതിയായി ആഗ്രഹിച്ചു.
ഒട്ടും വൈകാതെ അത് യാഥാർത്ഥ്യമായി. ഹാലിമിന് തന്റെ കണ്ണുകളെ അടക്കിനിർത്താൻ ആയില്ല. അശ്രുക്കളാൽ അവ കടലിലെ വെള്ളത്തോട് മത്സരിക്കാൻ തുനിഞ്ഞു.
കണ്ണുനീർ തിളക്കത്തിൽ അവൾക്ക് ഹാറൂണിനെ പൂർണ വ്യക്തതയിൽ കാണാൻ കഴിഞ്ഞില്ല.
ഹാലിം.. നീ ഈ കണ്ണുനീരൊക്കെ ക്ഷമിപ്പിക്കൂ.. നീ ഏറെ നാളായി കാണാൻ കൊതിച്ച ജീവൻ നിന്റെ മുന്നിൽ വന്നു നിൽക്കുന്നു. ആ നയന മനോഹാര്യതയുടെ ദർശനം എനിക്ക് സമ്മാനിച്ചാലും പ്രിയേ...
യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ കഴിയാതെ അവൾ പരിഭ്രാന്തയായി. എന്റെ കണ്ണുകൾക്ക് ഇത് വിശ്വസിക്കാനാവുന്നില്ല. രൂപത്തിലും, സ്നേഹത്തിലും യാതൊരു മാറ്റവും ഇല്ലാതെ എന്റെ ഹാറൂൺ മടങ്ങി എത്തിയിരിക്കുന്നു. ആരോടാണ് ഞാൻ ഇവിടെ നന്ദി പറയേണ്ടത്.
ഹാലിം... നീ നിന്റെ പ്രണയത്തോട് തന്നെയാണ് നന്ദി പറയേണ്ടത്. നിന്റെ അകളങ്കമായ സ്നേഹവും ദൃഢനിശ്ചയവുമാണ് എന്നെ ലക്ഷ്യസ്ഥാനത്തിലേക്കുള്ള മാർഗത്തിലൂടെ മാത്രം സഞ്ചരിച്ച് അതിനുശേഷം നിന്നിലേക്ക് മടക്കി എത്തിച്ചത്.
ഈ ലോകത്തിന്റെ ഏതു കോണിൽ പോയാലും എനിക്ക് നിന്നിൽ ഉപരിയായി ഒരു സൗന്ദര്യം കാണാൻ കഴിയില്ല. വിലമതിക്കാനാവാത്ത നിന്റെ സ്നേഹം തന്നെയാണ് നിന്റെ സൗന്ദര്യം. നാലു ഭാഗത്തുനിന്നും നിന്റെ സ്നേഹത്താൽ ഞാൻ ബന്ധിക്കപ്പെട്ടിരിക്കുന്നു.
ചിലപ്പോഴൊക്കെ പ്രേമികൾ പ്രേമത്തിന്റെ നിർവൃതിയിൽ ദൈവത്തെ മറക്കും!.
എന്നാൽ നമ്മുടെ വിരഹം നമ്മെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിച്ചു.
പ്രിയേ..ദൈവമാർഗത്താൽ ഈ ശുഭനിമിഷം ലഭിച്ച നമ്മുടെ ജീവിതം എന്നും ദിവ്യതീർഥമായി നിലകൊള്ളട്ടെ!!.
♥️♥️♥️
ReplyDelete