നിശബ്ദത!

നിശബ്ദതയിൽ ഞാൻ ചിന്തയിൽ മുഴുകുന്നു. എന്നിലേക്ക് ഒരുപാട് അടുക്കുന്നു.

തളർന്നുറങ്ങിയ എന്നിലേക്കടുത്ത മഴവിൽ ചിറകുകളുള്ള ചൈതന്യ തലോടലുകൾ. ഒരു മേഘം പോലെ എന്നെ നൈർമല്യമുള്ളതാക്കി.

അപ്പൂപ്പൻ താടിയായി ഭാരം കുറഞ്ഞ ഞാൻ വായുവിന്റെ താളത്തിൽ നൃത്തം ചെയ്തു താഴെയെത്തി.

നിറഞ്ഞ തടാകത്തിന്മേൽ പതിക്കാനൊരുങ്ങിയയെന്നെ കാറ്റ് മറ്റെങ്ങോട്ടോ കൊണ്ടുപോയി.

ഭാരമില്ലാതെ ഈ സഞ്ചാരം എന്നിൽ ഒരുപാട് സന്തോഷമുളവാക്കി.

കാറ്റിന്റെ പാതയല്ലാതെ മറ്റെന്തും ഞാൻ ഭയന്നിരുന്നു.

പോകുംവഴിയിൽ കുട്ടികൾ അപ്പൂപ്പൻ താടിയെ തലോടി പറത്തി കളിക്കുന്നത് കണ്ടപ്പോൾ എനിക്കും അവയിലൊന്നാകാൻ മോഹം തോന്നി.

എന്നിരുന്നാലും ഞാൻ പരിഭവം പറഞ്ഞില്ല.
കാറ്റിന്റെ തേരിൽ ഞാൻ വിശ്വസിച്ചിരുന്നു.

അവൻ എന്നെ ദൂരെ ഒരു മലയുടെ മുകളിൽ എത്തിച്ചു.

അവിടെ ഒരു ചെറിയ പെൺകുട്ടി മുട്ടിപ്പായി പ്രാർത്ഥിക്കുന്നു.

ദൈവമേ ഇന്നെങ്കിലും എനിക്ക് മേഘത്തെ സ്പർശിക്കാൻ കഴിയേണമേ.

മാലാഖമാർ വിശ്രമിക്കുന്ന മേഘ തണലേ, അല്പം എന്നിലേക്ക് അടർന്നു വീണാലും, ഒരു നുള്ളെങ്കിലും.

പ്രാർത്ഥിച്ച് കൈകൾ ഉയർത്തിയ അവളിലേക്ക് മന്ദമാരുതൻ എന്നെ തഴുകിയെത്തിച്ചു.

അവൾ കണ്ണുകൾ തുറന്ന് പുഞ്ചിരിച്ച് ദൈവത്തെ സ്തുതിച്ചു.

അറിയാതെ ഞാനും!

ആ കുഞ്ഞു കൈകൾ എന്നെ മെല്ലെ സ്പർശിച്ചു.

അവളുടെ പിഞ്ചുവിരലുകളുടെ വലയത്തിലിരുന്നു ഞാൻ തിരിച്ചറിഞ്ഞു.

'ഞാൻ ഇതാ എന്റെ ജീവിത ദൗത്യം നിർവഹിച്ചിരിക്കുന്നു'.

Comments

Post a Comment

Popular posts from this blog

ഹാലിം✨

എന്റെ മരണശേഷം!