Posts

Showing posts from October, 2022

ശാന്തം

Image
പാതയിലെ പേരറിയാത്ത യാത്രികൻ അറിയാതെ മറന്ന പാഴ്സഞ്ചി ചുമരിൽ ചുമന്നു ചുവന്ന പാതയിൽ പിന്തുടർന്നെത്തിയ ഭിക്ഷുവിനോട് യാത്രികൻ പറഞ്ഞു. ചെയ്ത പാപങ്ങളെ വലിച്ചെറിയാൻ കഴിയില്ല അതെന്നെ വിട്ടകലുന്നില്ല ഈ പാഴ്ത്തുണികെട്ടു പോലെ. സംസാരത്തിനിടയിൽ യാത്രികന്റെ കൈവഴുതി കെട്ട് പുഴയിലേക്ക് വീണു. യാത്രികൻ അത് പുഴയിൽ കഴുകി വെയിലിലുണക്കി . ഭിക്ഷു യാത്രികനെ നോക്കി പുഞ്ചിരിച്ചു. ഉപേക്ഷിക്കുകയല്ല പോംവഴി. ഒളിച്ചോടുകയല്ല ശരിയായ മാർഗം. ജലത്തിനലിയിക്കാൻ കഴിയാത്ത ഒരശുദ്ധിയുമില്ല. ഇതുകേട്ട യാത്രികൻ നെടുവീർപ്പോടെ പൊട്ടികരഞ്ഞു. മനസ്സിനെ ശുദ്ധമാക്കുന്ന തെളിനീരാണ് ഇപ്പോൾ നിന്നിൽനിന്ന് ഉതിർത്തത്. അപ്രസക്തമായ പ്രത്യാശകളെ വെടിഞ്ഞ്, ശാന്തമായി ഈ പ്രപഞ്ചത്തെ ഉൾക്കൊണ്ടാൽ, ഏത് ദുഃഖത്തെയും പുഞ്ചിരിയോടെ നീ വരവേൽക്കും.

........

Image
എന്റെ മുറിക്ക്‌ എതിർ വശമുള്ള മരത്തിന്റെ ചില്ലയിൽ വന്നിരിക്കുന്ന കിളികൾ ഇന്നു വന്നില്ല. അതെന്നെ ആത്മഹത്യയിലേക്ക് നയിക്കുന്നു. കേൾക്കുന്നവർ ഇതെന്ത് ഭ്രാന്തെന്ന് പരിഹസിക്കും! സഹനത്തിന്റെ പല പടികളും കടന്നു  മൺതരിയിൽപോലും ആശ്വാസം കണ്ടെത്തിയവന് നാളെ ഉണരാൻ കാരണമായി ഒന്നും ഇല്ലന്ന ചിന്ത ഭ്രാന്തിനെ പോലും ഭ്രാന്തനാക്കും. ജാലകത്തിനരികിൽ ഇരുന്നു ഞാൻ ചില്ലകളിലേക്ക് നോക്കി. കിളികൾ വന്നില്ല, നക്ഷത്രങ്ങൾ വന്നു, അവർ എന്നെ ഒറ്റു നോക്കി. എന്റെ ആശ്വാസചിത്രം അവിടെയില്ല, ഞാൻ പുലമ്പി, കാണുന്നീർ പൊഴിച്ചു. ഒന്നും അവശേഷിക്കുന്നില്ല. എന്ത് ശാപത്തെയാണ് ഞാൻ പേറുന്നത്. എനിക്ക് പൊട്ടികരയേണ്ട. ഞാൻ ചിരിക്കാനേരെ ആഗ്രഹിക്കുന്ന ഒരു മനുഷ്യനാണ്! ജാലകത്തിന്റെ കർട്ടനുകൾ താഴ്ത്തി. ഞാൻ മുറിയിൽ നിന്നിറങ്ങി..!

മനസ്സിനെയും നിദ്രയെയും ശാന്തമാക്കാൻ..!

Image
ഭാരങ്ങൾ ഇറക്കി വെക്കാൻ ഏറ്റവും സുന്ദരമായ ഒരു പ്രദേശമാണ് കടൽത്തീരം. മനസ്സിലെ ഭാരങ്ങൾ അതിനുനേരെ നീട്ടുമ്പോൾ ഒരു മടിയും കൂടാതെ ശക്തമായ തിരകൾ അവയെ ഏറ്റ് ദൂരെ അകലും. സൂര്യനെന്ന കാവൽക്കാരൻ ഇല്ലാത്തപ്പോൾ കടലിനെ കണ്ടിട്ടുണ്ടോ? അവളെന്തു ശാന്തയാണ്. നക്ഷത്രങ്ങളുടെ കണ്ണാടിയായ ഈ കടലിനെ നോക്കി എനിക്ക് പുഞ്ചിരിക്കാനെ കഴിഞ്ഞുള്ളു. ഈ വെളുത്ത പൊടി മണ്ണിനുപോലും എന്തൊരു തണുപ്പാണ്. മൺതരികളിലൂടെ ഞാൻ എന്റെ കൈകളെ ചലിപ്പിച്ചു, മണ്ണിന്റെ കുറച്ചു തണുപ്പ് ഞാൻ എന്റെ കൈക്കുള്ളിൽ കോരിയെടുത്തു. അവയെ മുറുക്കി പിടിച്ചു. പൊടിപൊടിയായി വീണ്ടും അവയെ താഴെക്കിട്ടു. പോകാതെ ബാക്കി നിൽക്കുന്ന മൺതരികളെ ഞാൻ നോക്കി. എന്റെ കൈവെള്ളയുടെ പലഭാഗത്തായി അവ ഉണ്ടായിരുന്നു. ഞാൻ അവയെ കുറച്ചു കുറച്ചായി തുടച്ചുനീക്കി. വീണ്ടും ഞാൻ എന്റെ കൈയിലേക്ക് നോക്കി. കൈകൾ പോലും ഒറ്റപ്പെടലിന്റെ വിഷാദഭാവം ഉൾകൊള്ളുന്നത് പോലെ എനിക്ക് തോന്നി. എനിക്ക് ചുറ്റുമുള്ള തണുത്ത കാറ്റിൽ ഞാൻ അവയെ മെല്ലെ ചലിപ്പിച്ചു. ആ ചലനം എന്റെ മനസ്സിനെ വിഷാദത്തിൽ നിന്ന് ചെറുപുഞ്ചിരിയുടെ ഒഴുക്കിലേക്ക് കൊണ്ടുവന്നു. ഞാൻ എണീറ്റുനിന്ന്, കടലിനു നേരെ എന്റെ രണ്ട് കൈകളും നീട്ടി.. പറഞ്...

ബലക്ഷയമാർന്ന വാക്കുകൾക്കു ജീവനുണ്ട്..!

Image
ബലക്ഷയമാർന്ന വാക്കുകൾക്കും ജീവനുണ്ട് എന്ന് വിശ്വസിക്കുന്ന അമ്മയെ തേടി കാടിറങ്ങിയ മകൻ മടങ്ങാൻ ഒരുങ്ങുന്നു. മരണവാർത്തയാണ് ഈ മടക്കത്തിനു കാരണം. ആരുടെ? അമ്മയുടെയോ? സ്വപ്നങ്ങളുടെയോ? രണ്ടിന്റെയും എന്ന് മൗനം മൂളി. അവൻ മരണത്തിലേക്ക് നടന്നു. വഴിയിൽ അമ്മയെ കണ്ടു. ഏറെ ദൂരം നടക്കേണ്ടതല്ലേ.. എന്നു പറഞ്ഞ അമ്മ എന്നെ വയറുനിറയെയൂട്ടി. പുലർച്ചെ മാറ്റമില്ലാത്ത അന്തരീക്ഷം എന്നെ ഓർമ്മപ്പെടുത്തി. ഇന്നലെ പോലെ ഇന്നും, ഇന്നു പോലെ നാളെയും. മരിക്കാനുള്ള ധൈര്യം അമ്മ നൽകിയില്ല. പകരം, ജീവിക്കാൻ അന്നമൂട്ടി...!

🖤

Image
പണ്ടൊരിക്കൽ കാട്ടുപൂവിനെ ചുംബിച്ചതിന്റെ പേരിൽ നാടുകടത്തപ്പെട്ട ഒരു പടത്തലവനെ കുറിച്ച് കേട്ടിട്ടുണ്ടോ? നിന്റെ യോഗ്യത നീ തിരിച്ചറിയുക. മറ്റുള്ളവന്റെ കുറവ് ചൂണ്ടികാണിക്കുക. നീ സമർദ്ധൻ മറ്റുള്ളവർ അബലൻ. നിന്റെ യോഗ്യതയിൽ നീ ഉറച്ചുനിൽക്കുക. അബലരെ പരിഹസിക്കുക. കറുത്ത രാത്രിയിൽ സൂര്യനാകുക. രാത്രിയുടെ ഭംഗി ആസ്വദിക്കുന്നവന്റെ കഴുത്തറുക്കുക. സൗഖ്യ പുഷ്പങ്ങളെ ആസ്വദിക്കുക. വിവർണ്ണ പുഷ്പങ്ങളെ ചവിട്ടിമെതിക്കുക. കാട്ടുപൂവിനെ ചുംബിച്ച പടത്തലവനെ നാടുകടത്തുക!