മനസ്സിനെയും നിദ്രയെയും ശാന്തമാക്കാൻ..!
ഭാരങ്ങൾ ഇറക്കി വെക്കാൻ ഏറ്റവും സുന്ദരമായ ഒരു പ്രദേശമാണ് കടൽത്തീരം.
മനസ്സിലെ ഭാരങ്ങൾ അതിനുനേരെ നീട്ടുമ്പോൾ ഒരു മടിയും കൂടാതെ ശക്തമായ തിരകൾ അവയെ ഏറ്റ് ദൂരെ അകലും.
സൂര്യനെന്ന കാവൽക്കാരൻ ഇല്ലാത്തപ്പോൾ കടലിനെ കണ്ടിട്ടുണ്ടോ?
അവളെന്തു ശാന്തയാണ്.
നക്ഷത്രങ്ങളുടെ കണ്ണാടിയായ ഈ കടലിനെ നോക്കി എനിക്ക് പുഞ്ചിരിക്കാനെ കഴിഞ്ഞുള്ളു.
ഈ വെളുത്ത പൊടി മണ്ണിനുപോലും എന്തൊരു തണുപ്പാണ്.
മൺതരികളിലൂടെ ഞാൻ എന്റെ കൈകളെ ചലിപ്പിച്ചു,
മണ്ണിന്റെ കുറച്ചു തണുപ്പ് ഞാൻ എന്റെ കൈക്കുള്ളിൽ കോരിയെടുത്തു.
അവയെ മുറുക്കി പിടിച്ചു.
പൊടിപൊടിയായി വീണ്ടും അവയെ താഴെക്കിട്ടു.
പോകാതെ ബാക്കി നിൽക്കുന്ന മൺതരികളെ ഞാൻ നോക്കി.
എന്റെ കൈവെള്ളയുടെ പലഭാഗത്തായി അവ ഉണ്ടായിരുന്നു.
ഞാൻ അവയെ കുറച്ചു കുറച്ചായി തുടച്ചുനീക്കി.
വീണ്ടും ഞാൻ എന്റെ കൈയിലേക്ക് നോക്കി.
കൈകൾ പോലും ഒറ്റപ്പെടലിന്റെ വിഷാദഭാവം ഉൾകൊള്ളുന്നത് പോലെ എനിക്ക് തോന്നി.
എനിക്ക് ചുറ്റുമുള്ള തണുത്ത കാറ്റിൽ ഞാൻ അവയെ മെല്ലെ ചലിപ്പിച്ചു.
ആ ചലനം എന്റെ മനസ്സിനെ വിഷാദത്തിൽ നിന്ന് ചെറുപുഞ്ചിരിയുടെ ഒഴുക്കിലേക്ക് കൊണ്ടുവന്നു.
ഞാൻ എണീറ്റുനിന്ന്, കടലിനു നേരെ എന്റെ രണ്ട് കൈകളും
നീട്ടി..
പറഞ്ഞു..
രാത്രിയിൽ നീ എത്രയോ സുന്ദരിയാണ്..
ഏത് ദുഃഖത്തേയും ശമിപ്പിക്കുന്നവളേ..
നിന്റെ സൗന്ദര്യം ആസ്വദിച്ചു എല്ലാം മറന്ന മനുഷ്യന് ലഭിച്ച ശാപമല്ലേ നിദ്ര..
നിന്റെ ഈ സുന്ദര ദൃശ്യത്തെ ഞാൻ എന്റെ കൈക്കുള്ളിൽ ഒതുക്കി കണ്ണുകൾക്ക് സമ്മാനിക്കുന്നു.
മനസ്സിനെയും നിദ്രയെയും ശാന്തമാക്കാൻ..!
Comments
Post a Comment