മനസ്സിന്റെ കടിഞ്ഞാൺ എന്നോ നഷ്ടപ്പെട്ട ജീവിതം. എങ്ങനെ ജീവിച്ചുതീർക്കും എന്ന ഭീതി അലട്ടാൻ തുടങ്ങിയിട്ടേറേ നാളുകളായിരിക്കുന്നു. മാനസിക സംഘർഷങ്ങൾ അധികരിച്ചപ്പോൾ യാഥാർഥ്യവും സ്വപ്നവും തമ്മിലുള്ള സങ്കിർണതകളെ മറികടക്കാനാവാതെ തലച്ചോർ പൊട്ടിത്തെറിക്കുന്നതുപോലെ അനുഭവപ്പെടുകയും, ചിന്താശേഷി മരവിക്കുകയും മരവിച്ച മനസ്സിലെ കണ്ണുനീർ തുള്ളികൾ വൈകാരികഭാവം ഇല്ലാതെ കവിൾത്തടങ്ങൾ പതിഞ്ഞൊഴുകുന്നതും നിരന്തരമായി തുടർന്നപ്പോൾ, എന്തുകൊണ്ട് സന്തോഷത്തോടെ അന്ത്യത്തെ വരവേറ്റുകൂട എന്നുചിന്തിക്കാൻ ഇടയായി. സന്തുഷ്ടമായ ഒരന്ത്യം. ആശകൾ നിറവേറാതെ, നിരാശകളുടെമേൽ കണ്ണടച്ച്, ചിന്തകളുടെ കടുപ്പത്തെ വെടിഞ്ഞ്. സ്വർഗസുന്ദരമായ മേഘങ്ങളുടെ ഇടയിലേക്കൊരു യാത്ര. ചുറ്റുമുള്ള ശബ്ദങ്ങൾ ഒന്നും ശ്രവിക്കാതെ, മഴയുടെ ആർത്തിരമ്പലിന്റെ നിലവിളിയിൽ മനസ്സിനെ പാകപ്പെടുത്തി. മുന്നിലെ മെഴുകുതിരി വെട്ടത്തിലേക്ക് ഞാൻ ഉറ്റുനോക്കി. സ്വയം ഉരുകി പ്രകാശം നൽകുന്ന മെഴുക്. പലരുടെയും ജീവിതം പോലെ. കണ്ണിമചിമ്മാതെ ഏറെ നേരം ഞാൻ അതിനെ നോക്കിയിരുന്നു. നനവുപടർന്നാൽ ഈ മെഴുകിന് വെളിച്ചം നൽകാൻ കഴിയുമോ? ദുഃഖപൂർണമായ ജീവിതം! കണ്ണീരിൽ കുതിർന്നാൽ സ്വയം ഉരുകി പ്രകാശം പകരാൻ ...