Posts

Showing posts from December, 2022

കാറ്റിലായ് 🍃

പടിയിറങ്ങാൻ മടിക്കുന്ന കുഞ്ഞിലപച്ചയെ കാറ്റിന്റെ തേരിലായി താലോലിക്കവേ, പുതിയകാലത്തിൻ സൗഖ്യത്തിനെന്നോണം ഭാരിച്ച മേഘങ്ങൾ യാത്രയാക്കുന്നു. പിന്നെയും തിരിച്ചറിയുന്നതൻ കുട്ടിയുടെ കരച്ചിൽ ശമിപ്പിക്കാനാവാതെ നെടുവീർപ്പിട്ടൊരമ്മ, പുലമ്പി കിടക്കയിൽ നിന്നിറങ്ങാൻ അനുവദിക്കാത്ത തളർന്ന കാലുകളാണേറെഭാരം. പഴിക്കുന്നില്ല കുട്ടി അമ്മയെ തേടുന്നില്ല മറ്റൊന്നിനെ. പുറമെ നനയാത്ത കുതിർന്ന തൂവാലപോലെയാ അമ്മയുടെ കണ്ണുകൾ. പെയ്തുതുളുമ്പാതെ ഉള്ളിലെ നേർത്ത ഇടനാഴിയിലൊതുക്കുമാ സ്നേഹനൈർമല്യം. പുതിയ കാലത്തിൻ സൗഖ്യത്തിൽ പോലുമാ ദുഃഖമേഘങ്ങൾ തീർത്ഥമായി തീരുന്നു. പടിയിറങ്ങുവാൻ മടിച്ചുകൊണ്ടിന്നുമാ നേർത്തകാറ്റിലായി ഇതളിന്റെ ശകലങ്ങൾ.

അടഞ്ഞ കണ്ണുകൾ!

അരികിലില്ലെന്നു തിരിച്ചറിയും നിമിഷത്തിൽ അടഞ്ഞകണ്ണുകൾ അടഞ്ഞടഞ്ഞങ്ങനെ. തിരകളോരോന്നെൻ കല്പനകൾ എടുത്തിട്ടും മതിവരുന്നില്ലെൻ സ്വപ്നത്തിൻ ദർപ്പണം. കടലിലുപ്പിനിന്നുപ്പു കലർത്തുന്നു മരവിച്ചൊരാത്മാവിൻ നേത്രാശ്രു ശകലങ്ങൾ. ജനലരികിലിന്നു സന്ധ്യ നേരുത്തെ എത്തിയോ, നിറമഴത്തുള്ളി കണ്ണുകളെ മൂടിയോ? മതിവരുന്നില്ല നിനക്കുള്ള ഈ വാക്കുകളിതൊരൊന്നും. മതിവരില്ല ഈ കാത്തിരിപ്പിൻ ശയനങ്ങൾ. വിവരമിതെങ്ങനെ ഞാൻ അറിയിക്കും ചുട്ടുപഴുത്ത ഈ വേലിയുടെ അപ്പുറമായി. തിരനനക്കുമീ കാൽ പാദത്തിൽ നിന്നുഞാൻ കാത്തിരിക്കുമാ ഹരിതമുതിർക്കുമൊരു കാലത്തിലേക്കെന്നപ്പോൽ.