ബ്രൗൺ
മങ്ങിയ വെളിച്ചത്തിൽ ഞാൻ കണ്ട കാഴ്ചയെ ഞാൻ വീണ്ടും ഉറ്റുനോക്കി.
മലയുടെ ഏറ്റവും മുകളിലായി ഒരു കുഞ്ഞു വീട് , നിറയെ റോസാ ചെടികൾ.
ഞാൻ വേഗത്തിൽ അവിടേക്ക് എത്താൻ ശ്രമിച്ചു.
എന്റെ നടത്തതിന്റെ തിടുക്കം കൂടി. നടക്കും തോറും എന്റെ ചുറ്റുമുള്ള മരങ്ങളുടെ എണ്ണത്തിൽ കുറവ് വരുന്നു.
ഞാൻ അവയെ ശ്രദ്ധിച്ച് നിശ്ചലമായി നിന്നപ്പോൾ ദൂരെയായി അരുവി അലമുറയിട്ടൊഴുകുന്ന ശബ്‌ദം എന്നെ ഒന്നും ചിന്തിക്കാതെ അവിടേക്കോടിയെത്താൻ കാരണമാക്കി.
തവിട്ടുനിറമുള്ള മണ്ണിൽ ഇളംപച്ച നിറത്തിലുള്ള ഇലകളുടെ മഴത്തുള്ളികൾ പതിഞ്ഞതുപോലുള്ള പ്രകൃതിയിൽ. ആകാശത്തിലെ മേഘങ്ങൾ പുഞ്ചിരിച്ചൊഴുകുന്നത് പോലെയുള്ള തനുതനെ മനസ്സിന് കുളിർമ പകരുന്ന അരുവിയിലെ പുറമെയുള്ള വെള്ളം നീക്കി കൈകൾ കൊണ്ട് ആ തണുത്തവെള്ളം കോരിയെടുത്ത ഞാൻ എന്റെ മുഖം കഴുകി.
ആ തണുപ്പ് എന്റെ മനസ്സിനേയും കുളിരണിയിച്ചു.
മടക്കിയ കാൽമുട്ടുകളിൽ കൈകൾ മടക്കി തലചായ്ച്ച് ഞാൻ പ്രകൃതിയുടെ ആ സന്തോഷ രൂപത്തെ ഏറെ നേരം ആസ്വദിച്ചു.
അരുവിയുടെ താരാട്ടിന് കിളികളുടെ താളവും ചേർന്ന സുന്ദര ശബ്ദം എന്റെ കണ്ണുകളെ ഗാഢനിദ്രയിൽ എത്തിച്ചു.
നിദ്ര എന്നെ ഞാൻ അവിടെ കണ്ടിട്ടില്ലാത്ത വഴികളിലൂടെയെല്ലാം സഞ്ചരിപ്പിച്ചു.
പൈൻ മരങ്ങളുടെ ഇടയിലൂടെ സഞ്ചരിച്ചു ഞാൻ ആ കൊച്ചുവീട്ടിൽ പ്രവേശിച്ചു. ഒരുപോലെയുള്ള നാല് മുറികളാണ് ഞാൻ അവിടെ കണ്ടത്.
എല്ലാം ഒരുപോലെ.
ഒരേ മുറിയിലേക്കാണോ ഞാൻ വീണ്ടും വീണ്ടും കയറുന്നത് എന്നറിയാൻ ഞാൻ വീണ്ടും എല്ലായിടത്തും പ്രവേശിച്ചു.
എല്ലാം ഒരുപോലെ ഒന്നും കൂടുതലുമില്ല കുറവുമില്ല.
എന്നാൽ തുറക്കപ്പെടാത്ത മറ്റൊരു മുറി ഞാൻ അവിടെ കണ്ടു. അതിന്റെ വാതിലുകൾ ശക്തമായി അടച്ചിരുന്നു.
ഉള്ളിൽ ആരോ ഉണ്ടെന്ന കൗതുകത്തിൽ ഞാൻ കുറെ വിളിച്ചു.
കതകിൽ ആഞ്ഞുതട്ടി ഒരു പ്രതികരണവും ലഭിച്ചില്ല.
ഞാൻ വീണ്ടും ശ്രമിച്ചു കതകിൽ വീണ്ടും ആഞ്ഞടിക്കാൻ ഒരുങ്ങവേ അത് തനിയെ തുറന്നു.
ഞാൻ അകത്തേക്കു പ്രവേശിച്ചു.
ഞാൻ ആ വീട്ടിൽ നിന്നും പുറത്തു വന്നിരിക്കുന്നു.
എനിക്ക് ചുറ്റുമുള്ള എല്ലാവാതിലുകളും അടച്ചിരിക്കുന്നു.
ഞാൻ എന്റെ ചുറ്റും നോക്കി.
ഞാൻ നടന്ന് തുടങ്ങിയ പൈൻമരങ്ങൾക്കിടയിൽ ഞാൻ വീണ്ടും എത്തിപ്പെട്ടു.
ഞാൻ ചുറ്റും നോക്കി ആ വീട് അവിടെയില്ല.
ആ വീട്ടിൽ ഞാൻ എന്തോ വെച്ച് നഷ്ടപ്പെടുത്തിയത് പോലെ എനിക്ക് അനുഭവപ്പെട്ടു.
നിരാശയോടെ ഞാൻ നടന്നു.
പുഴയുടെ തീരതെത്തി ഉറങ്ങികിടന്ന എന്റെ ശരീരത്തിൽ ഞാൻ ഉൾച്ചേർന്നു.
ഞാൻ ഉറക്കം ഉണർന്നു. സുന്ദരിയായ പ്രകൃതിയുടെ മടിത്തട്ടിൽ ഉറങ്ങിയ ഞാൻ കുളിർമ്മയുടെ പുഞ്ചിരിയോടെ മിഴികൾ തുറന്നു പ്രകൃതിയെ നോക്കി, ദൃശ്യ സൗന്ദര്യ കാഴ്ചയുടെ ആനന്ദം കണ്ണുകൾക്ക് സമ്മാനിച്ചു.
അതിനെ ഉൾക്കൊണ്ട് കണ്ണുകളടച്ച ഞാൻ, ഇരുട്ടിന്റെ മറയിലൂടെ നടന്നു മേഘങ്ങൾ ക്കിടയിൽ അപ്രത്യക്ഷയായി..!
👌👌
ReplyDelete❣️
ReplyDelete